വാഷിങ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതുമുതല്‍ ഭീതിയിലായി 18,000 ഇന്ത്യക്കാര്‍. നാടുകടത്തലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ടിരുന്നു. അതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം.
തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു.
യുഎസില്‍ നാടുകടത്തല്‍ ഭീഷണിയുള്ളവരില്‍ ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അധികവും.
മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 15 രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യുഎസ് തിരിച്ചയച്ചിരുന്നു.