ന്യൂഡല്‍ഹി: ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീത പരിപാടി അവതരിപ്പിച്ചതിന് 27 കാരിയായ ഇറാനിയന്‍ ഗായിക അറസ്റ്റില്‍. ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയുള്ള മസന്ദരന്‍ പ്രവിശ്യയിലെ സാരി നഗരത്തില്‍ നിന്നുള്ള പരസ്തൂ അഹമ്മദിയെന്ന യുവതിയാണ് കസ്റ്റഡിയിലായിരിക്കുന്നത്.
പെണ്‍കുട്ടി പാട്ടുപാടുന്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. സ്ലീവ് ലെസ്സായ വസ്ത്രം ധരിച്ചെന്നും മുടി മറയ്ക്കാതെ, നാല് പുരുഷ ഗായകര്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചെന്നതടക്കം യുവതിക്കെതിരായ പരാതിയാണ്.
ഞാന്‍ പരസ്തൂ, ഞാന്‍ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി പാടാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയാണ്. ഇത് എനിക്ക് അവഗണിക്കാന്‍ കഴിയാത്ത അവകാശമാണ്; ഞാന്‍ ആവേശത്തോടെ സ്‌നേഹിക്കുന്ന ഭൂമിക്ക് വേണ്ടി പാടുന്നു. ഇവിടെ, നമ്മുടെ പ്രിയപ്പെട്ട ഇറാന്റെ ഈ ഭാഗത്ത്, ചരിത്രവും നമ്മുടെ കെട്ടുകഥകളും കെട്ടുപിണഞ്ഞുകിടക്കുന്നു. , ഈ പാട്ടുകളിലൂടെ എന്റെ ശബ്ദം കേള്‍ക്കൂ,” എന്ന് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ഒരു പോസ്റ്റില്‍ എഴുതി. പരിപാടി ഇതിനോടകം 1.5 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു.
ഇറാനിയന്‍ നിയമപ്രകാരം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. പല സ്ത്രീകളും ഇത് മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുമ്പോള്‍, മറ്റുള്ളവര്‍ അത് നടപ്പിലാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമായാണ് കാണുന്നത്. നിയമ പ്രകാരമുള്ള വസ്ത്രം ധരിച്ചില്ലെന്ന് കാട്ടി പൊലീസ് അറസ്റ്റുചെയ്ത 22 കാരിയായ മഹ്സ അമിനി മരിക്കുകയും 2022-ല്‍ ഇറാനിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.