ഒട്ടാവ: കനേഡിയൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് കാനഡയിൽ രാഷ്ട്രീയ പ്രതിസന്ധി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സ്ഥാനമൊഴിയാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റ് പറയുന്നതനുസരിച്ച്, ഏപ്രിലിന് മുമ്പ് ട്രൂഡോ രാജിവയ്ക്കാൻ സാധ്യതയുണ്ടെന്നും കനേഡിയൻ നേതാക്കൾക്കിടയിലും സ്വന്തം പാർട്ടിയിലും അദ്ദേഹത്തിൻ്റെ രാജി ആവശ്യം ശക്തമാണെന്നും പറയുന്നു. രാജി അല്ലെങ്കിൽ പാർലമെൻ്റ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കാണ് ട്രൂഡോയുടെ പോക്കെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രൂഡോയുടെ ഭരണത്തിലെ അസ്ഥിരത രൂക്ഷമായതിനെത്തുടർന്ന്, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തൻ്റെ നീക്കം ട്രൂഡോ തൻ്റെ മന്ത്രിസഭയെയും എംപിമാരെയും അറിയിച്ചതായി റിപ്പോർട്ടുണ്ട്. രാജി കത്തിൽ, ട്രൂഡോ തന്നെ ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതായും മറ്റൊരു കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഫ്രീലാൻഡ് വെളിപ്പെടുത്തി. ട്രൂഡോയുടെ ജനപ്രീതി കുറയുകയും ലിബറൽ പാർട്ടിക്കുള്ളിൽ വിമതശല്യം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫ്രീലാൻഡിൻ്റെ രാജി. സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം വ്യക്തിപരമായ നേട്ടത്തിനായി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുയർത്തിയാണ് ഫ്രീലാൻഡ് രാജിവെച്ചത്.
രാജിക്ക് പിന്നാലെ ലിബറൽ എംപിമാർ അടിയന്തര യോഗം വിളിച്ചു. രാജി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫ്രീലാൻഡിൻ്റെ രാജിയെക്കുറിച്ച് ട്രൂഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.