ദോഹ : ഖത്തർ ദേശീയ ദിനം ഇന്ന്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ദർബ് അൽ സായി, കത്താറ, മിഷെറിബ് ഡൗൺടൗൺ, 974 ബീച്ച്, ലുസൈൽ ബൗളെവാർഡ്, ദോഹ തുറമുഖം, ഏഷ്യൻ ടൗൺ തുടങ്ങി രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളിലും ഒട്ടനവധി പരിപാടികൾ നടക്കും.
ദോഹ കോർണിഷിലെ വർണാഭമായ ദേശീയ ദിന പരേഡ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളമായി ആഘോഷ പരിപാടികൾ നടക്കും. ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദിയായ ദർബ് അൽ സായിയിൽ ഈ മാസം 10ന് ആരംഭിച്ച പരിപാടികൾ ഡിസംബർ 18 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 3 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 21 നാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പരിപാടികളാണ് അവിടെ നടക്കുന്നത്. പരമ്പരാഗത നൃത്തങ്ങളും, സംഗീതവും ആസ്വാദകരെ ഏറെ ആകർഷിക്കുന്നുണ്ട്. കൂടാതെ അറേബ്യൻ പരമ്പരാഗത ഭക്ഷണസ്റ്റാളുകൾ ഒട്ടനവധി പേരാണ് സന്ദർശിക്കുന്നത്.