മോസ്‌കോ: നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ഇഗോര്‍ കിറില്ലോവ് (57) ആണ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനായിരുന്നു.ക്രെംലിനില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മോസ്‌കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്ടിലെ അപ്പാര്‍ട്ട്‌മെന്റിനു മുമ്പിലാണ് സംഭവം.
പ്രവേശന കവാടത്തില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഇഗോറിന്റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ സുരക്ഷാ സേന ഏറ്റെടുത്തതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.