തിരുവനന്തപുരം : നാല് സ്കൂൾ വിദ്യാർഥിനികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമാണം ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശകൾ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവാഴ്ചക്കു മുൻപ് പിഡബ്ല്യുഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് പരുക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ 3 മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.