കണ്ണൂർ : സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ് തുടങ്ങിയവർക്കെതിരെയാണ് കേസ്.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. കുടുംബാംഗങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ.