കൊച്ചി: തോമസ് കെ.തോമസിന് മന്ത്രിയാകാന്‍ താന്‍ തടസമാകില്ലെന്ന് എ.കെ.ശശീന്ദ്രന്‍. മന്ത്രി മാറുന്നതില്‍ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ട എന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. തോമസ് കെ.തോമസ് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കാണുന്നതില്‍ പുതുമയില്ല. ശരദ് പവാര്‍– കാരാട്ട് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയില്ല. സിപിഎം കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയോട് സംസാരിക്കും എന്നത് നേരത്തെയെടുത്ത തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, തോമസ് കെ. തോമസിന്റെ മന്ത്രിപദവി വിഷയത്തിൽ തീരുമാനമെടുക്കാനാകാതെ വലയുകയാണ് എൻസിപി ദേശീയ നേതൃത്വം. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ. തോമസ് ഇന്നു വീണ്ടും പവാറിനെ കാണും. ഇതിനിടെ ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.