തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. അനധികൃത സ്വത്തുസമ്പാദനം, കെട്ടിട നിര്‍മാണം, സ്വര്‍ണം പൊട്ടിക്കല്‍, പൂരം കലക്കല്‍, ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അജിത്കുമാര്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ മാനസപുത്രനെന്ന നിലയ്ക്ക് ഇതൊന്നും പ്രമോഷനു ബാധകമായില്ല. അജിത്കുമാറിനെതിരെയുള്ള എല്ലാ കേസുകളും വൈകാതെ അവസാനിക്കും. കള്ളനെ കാവല്‍ ഏൽപിച്ചതുപോലെയാണു കേരള പൊലീസിന്റെ അവസ്ഥ.
മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകാതിരിക്കണമെങ്കില്‍ ഇതാണ് മാര്‍ഗമെന്നാണ് ആര്‍എസ്എസ് നല്‍കിയ തിട്ടൂരം. ആര്‍എസ്എസുമായി ബന്ധം സ്ഥാപിക്കാന്‍ അജിത് കുമാറിനെ പ്രോത്സാഹിപ്പിച്ചതും മുഖ്യമന്ത്രിയാണ്. ആര്‍എസ്എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാര്‍. പൊലീസ് മേധാവികള്‍ നടത്തുന്ന ഓരോ നീക്കവും മുഖ്യമന്ത്രി കൃത്യമായി അറിഞ്ഞിരിക്കും. എന്നിട്ടും ഒരിക്കല്‍പ്പോലും അജിത്കുമാറിനെ മുഖ്യമന്ത്രി നിരുത്സാഹപ്പെടുത്തുകയോ തടയുകയോ ചെയ്തിട്ടില്ല.
അജിത് കുമാറിനെതിരെ കൃത്യമായ അച്ചടക്ക നടപടി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പ്രമോഷന്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഭാവിയില്‍ പ്രമോഷന്‍ നൽകുന്നതിനു വേണ്ടിയുള്ള ഒത്തുകളിയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.