തിരുവനന്തപുരം : കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടി 21നു രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വകുപ്പുകളുടെ നിക്ഷേപ ശുപാർശകൾ പരിശോധിക്കാനും 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്കുള്ള അനുമതി സമയബന്ധിതമായി നൽകാനും ചീഫ് സെക്രട്ടറി അധ്യക്ഷയായ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തും.
സംസ്ഥാനത്ത് മൂലധനനിക്ഷേപം ആകർഷിക്കാനും തൊഴിൽസാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 2023 ലെ വ്യവസായ നയത്തിന്റെ ഭാഗമായാണ് ഉച്ചകോടി. രണ്ടായിരത്തോളം നിക്ഷേപകർ, 30 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വ്യവസായികൾ, വ്യവസായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പങ്കാളിത്ത രാജ്യങ്ങളായി 9 രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ട്. ആകെ 22 സെഷനുകളാണുള്ളത്.