പാലക്കാട്: സിപിഐഎമ്മിൻ്റെ സംഘടനാ നടപടി നേരിട്ട പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് കൂടി നീക്കി സിപിഐഎം. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് ജില്ലാ നേതൃത്വം ശശിയെ മാറ്റിയത്. ശശിയ്ക്ക് പകരം ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയുവിൻ്റെ ജില്ലാ പ്രസിഡൻ്റ് ആകും. റ്റി എം ശശി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ആകും. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുന്ന പി കെ ശശിയെ മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ പി കെ ശശിക്കെതിരായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും പികെ ശശിയെ ഒഴിവാക്കാനായിരുന്നു തീരുമാനം. ഇതോടെ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തുകയായിരുന്നു.
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി കെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഐഎം സെക്രട്ടേറിയേറ്റിൽ നേരത്തെയും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരുന്നു. പി കെ ശശിയെ സിഐടിയു നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവും നടപടിക്ക് പിന്നാലെ ഉയർന്നിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവേക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ പി കെ ശശിയുടെ പ്രതികരണം.