കണ്ണൂർ: രമേശ് ചെന്നിത്തല ഇന്നലെ വന്ന രാഷ്ട്രീയ നേതാവല്ലെന്നും മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയായാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ പ്രതിപഷ നേതാവ് വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളിയുടെ പരാമാർശം ശരിയായില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
“രമേശ് ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. വിദ്യാര്‍ഥി യൂണിയന്‍ കാലം മുതല്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആളാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ അയോഗ്യതയൊന്നുമില്ല. അധികാര വടംവലിക്ക് വേണ്ടി എല്ലാം കളഞ്ഞ് കുളിക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. രമേശിന് വേണമെങ്കിൽ സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാം. എന്നാൽ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്ന് കോണ്‍ഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞോ? പല പേരുകളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്” -സുധാകരൻ പറഞ്ഞു.
വെള്ളാപ്പള്ളിയെ തങ്ങൾ വിചാരിച്ചാൽ നല്ല നടപ്പ് നടത്താൻ കഴിയുമോയെന്നും കെ.പി.സി.സി അധ്യക്ഷൻ ചോദിച്ചു. വി.ഡി. സതീശന്‍ അഹങ്കാരിയായ നേതാവാണ്. പക്വതയും മാന്യതയുമില്ല. സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടിയെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെയും കെ. സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. വിജയ രാഘവന് ലജ്ജയില്ലേ. എന്ത് രാഷ്ട്രീയത്തിന്‍റെ പേരിലാണ് വിജയരാഘവൻ പ്രിയങ്കക്ക് എതിരെ പ്രസംഗിക്കുന്നത്. വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ലെന്നും സുധാകരൻ ചോദിച്ചു.അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമാണെന്നും സുധാകരൻ പ്രതികരിച്ചു. ജനാധിപത്യത്തിനെതിരായ കൊലവിളിയാണ് അമിത് ഷായുടെ പ്രസംഗം. മാടായി കോളേജ് നിയമന വിവാദത്തിൽ ഇരു കൂട്ടരുടെയും സസ്പെൻഷൻ പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് ഭരണസമിതിയാണ്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് വൈകാതെ കിട്ടുമെന്നും സുധാകരൻ വ്യക്തമാക്കി.