ആസ്പൻ : ലോകത്തിലെ രണ്ടാമത്തെ ധനികനായ ജെഫ് ബെസോസ്, ക്രിസ്മസിന് ശേഷമുള്ള വാരാന്ത്യത്തിൽ ആസ്പനിൽ വെച്ച് ലോറൻ സാഞ്ചസിനെ വിവാഹം കഴിക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബർ 26, 27 തീയതികളിൽ കൊളറാഡോ സ്കീ ടൗണിലെ റിറ്റ്സി സുഷി റസ്റ്ററന്‍റായ മാറ്റ്സുഹിസയിൽ അതിഥികൾക്ക് വേണ്ട സൗകര്യം ഒരുക്കുന്നതായിട്ടാണ് സൂചനകൾ.
മേയ് മാസത്തിൽ 500 മില്യൻ ഡോളർ വിലമതിക്കുന്ന സൂപ്പർ യാച്ചിൽ വെച്ച് ബെസോസ് സാഞ്ചസിനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇരുവരും രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്.
ഡിസംബർ 28നാണ് വിവാഹമെന്നാണ് സൂചന. വിവാഹത്തിൽ പങ്കെടുക്കാൻ ബെസോസ് തന്റെ സുഹൃത്തുക്കളുമായി ശനിയാഴ്ച ആസ്പനിൽ എത്തി. 600 മില്യൻ ഡോളർ ചെലവ് വരുന്ന ആഡംബര വിവാഹാഘോഷം ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി ക്രിസ്മസ് ദിനത്തിന് ശേഷം പഞ്ചനക്ഷത്ര സെന്‍റ് റെജിസ് ഹോട്ടൽ ഉൾപ്പെടെ ആസ്പന്റെ ഏറ്റവും മികച്ച താമസസ്ഥലങ്ങളിൽ അതിഥികൾ എത്തും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബെസോസ് തന്റെ അതിഥികൾക്കായി നഗരത്തിന് ചുറ്റും സ്വകാര്യ മാളികകളും ബുക്ക് ചെയ്തിട്ടുണ്ട്.
കല്യാണം മുഴുവൻ വാരാന്ത്യ ആഘോഷങ്ങളായാണ് സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി 180 അതിഥികൾക്ക് ഇരിക്കാവുന്ന ഉയർന്ന നിലവാരത്തിലുള്ള സുഷി റസ്റ്ററന്‍റായ മാറ്റ്സുഹിസിൽ വൻ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്.
പാശ്ചാത്യ-തീമിലുള്ള അത്താഴവും വാരാന്ത്യത്തിൽ ഉടനീളം ഒന്നിലധികം ആഘോഷങ്ങളും വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്കീ ടൗണിന് ചുറ്റുമുള്ള മാൻഷൻ-റാഞ്ചുകളിലൊന്നിലാണ് ഇവ നടക്കുന്നത്.