തിരുവനന്തപുരം: കേരളാ ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) ബിഹാർ ഗവർണർ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആർലെകർ (Rajendra Vishwanath Arlekar) ആണ് കേരളാ ഗവർണറായി എത്തുന്നത്. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയിട്ടുണ്ട്. മിസോറം ഗവർണർ ഡോ. ഹരി ബാബു ഒഡിഷയുടെ ഗവർണറാകുമെന്നും ജനറൽ വി.കെ സിംഗ് മിസോറം ഗവർണറാകുമെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ പദവി മാറ്റം ഉടനുണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് ഔദ്യോഗിക ഉത്തരവുണ്ടായത്. കേരള സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നതകൾ തുടരുന്നതിനിടെയാണ് പദവിമാറ്റം.
2019 സെപ്റ്റംബർ ആറിനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. 5 വർഷവും 104 ദിവസവും കേരളാ ഗവർണറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ബിഹാറിലേക്കുള്ള ചുമതലമാറ്റം.