ജെയിംസ് കൂടൽ
മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രത ക്രിസ്തുമസ് ഓർമകളുടെയും ഓർമപ്പെടുത്തലിന്റെയും കാലമാണ്. മധുര സ്മരണകളും കഥകളുമായി വീണ്ടുമൊരു ക്രിസ്തുമസ് എത്തിക്കഴിഞ്ഞു.
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ ക്രിസ്തുമസ് രാവും പകരുന്നത്. ലോക സമാധാനത്തിനൊപ്പം പ്രത്യാശയുടെ പ്രകാശവും പ്രസരിപ്പിക്കുന്ന സന്ദർഭം. പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കും.
ഏത് വിഷമ കാലത്തിന് ശേഷവും ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷ കൂടിയാണ് ക്രിസ്മസ് സന്ദേശങ്ങളുടെ ഉള്ളടക്കം. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയിർത്തേഴുന്നേൽപ്പുണ്ടായത് പോലെ നമ്മുടെ കെട്ട കാലം കഴിഞ്ഞ് നല്ല കാലം വരുമെന്നും സന്ദേശങ്ങളിലുടനീളം കാണാം.
യേശുവിന്റെ ജനനത്തിന് മുമ്പായി ജനങ്ങളെ സന്മാർഗത്തിലാക്കാൻ ഒരു ദൈവ പുത്രൻ എത്തുമെന്ന് മാലാഖമാർ അറിയിച്ചിരുന്നു. ജനനത്തിന് പിന്നാലെ പുത്രനെ യേശു എന്ന് വിളിക്കണമെന്നും മാലാഖമാർ അറിയിച്ചിരുന്നു. പ്രവചനങ്ങളെയെല്ലാം യാഥാർഥ്യമാക്കിക്കൊണ്ട് ലോകത്തിന്റെ രക്ഷകനായി യേശു പിറവിയെടുത്തു. ഇരുളിലാണ്ട് കിടന്ന ലോകത്ത് വെളിച്ചമായി ബത്‌ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു അവതരിച്ചു എന്നാണ് വിശ്വാസം. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലായിരുന്നു ഇടയദേവന്റെ തിരുപ്പിറവി.
കാലം എത്ര കഴിഞ്ഞാലും തിരുപ്പിറവിയുടെയും ക്രിസ്തുമസിന്റെയും പവിത്രത നിലനിൽക്കുക തന്നെ ചെയ്യും. ഒപ്പം ലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയും. എല്ലാ വായനക്കാർക്കും ക്രിസ്തുമസ് ആശംസകളോടെ…