സന്നിധാനം; കാനനവാസനായ അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി പ്രഭയിൽ അയ്യനെ ദർശിച്ചത് ആയിരങ്ങൾ. ആറൻമുള ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തിയിരുന്നു. വിശ്രമത്തിന് ശേഷം മൂന്ന് മണിയോടെ സന്നിധാനത്തേക്ക് തിരിച്ചു.
തിരുവാഭരണ പേടക വാഹകരായ കുളത്തിനാലിൽ ഉണ്ണികൃഷ്ണന്റെയും തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിൽ നിന്നും തങ്ക അങ്കി പേടകം ശിരസ്സിലേറ്റി മലകയറി സന്നിധാനത്ത് എത്തിച്ചത്. ശരംകുത്തിയിൽ ഘോഷയാത്രയ്‌ക്ക് ദേവസ്വം ബോർഡ് ആചാരപരമായ വരവേൽപ് നൽകി.
ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ച് സന്നിധാനത്തേക്ക്. 6.15 ഓടെ സന്നിധാനത്തെത്തി. പതിനെട്ടാം പടി കടന്ന് സോപാനത്ത് എത്തിയ പേടകം ശ്രീകോവിലിന് മുൻപിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്നായിരുന്നു ദീപാരാധന നടന്നത്.
ദേവസ്വം മന്ത്രി വി.എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, പൊലീസ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചത്. നാളെ ഉച്ചയ്‌ക്ക് തങ്ക അങ്കി ചാർത്തി മണ്ഡലപൂജയും നടക്കും.