വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. സാഹിത്യലോകം ദുർബ്ബലമായിരിക്കുന്നുവെന്നാണ് എംടിയെ അനുസ്മരിച്ചുകൊണ്ട് രാഷ്‌ട്രപതി എക്സിൽ കുറിച്ചത്.
“പ്രശസ്ത മലയാള സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി. മലയാള സിനിമാ ലോകത്ത് അദ്ദേഹം സുപ്രധാന സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്റെ എഴുത്തുകളെ ആരാധിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു” രാഷ്‌ട്രപതി കുറിച്ചു.
എംടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചിരുന്നു. ശബ്ദമില്ലാത്തവർക്കും പാർശ്വവത്കൃതർക്കും എംടി ശബ്ദമായെന്നും അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രീയ, സിനിമ, സാമൂഹിക മേഖലകളിലുള്ള നിരവധി പേരാണ് എംടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.