കർണാടക: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ സംശയാസ്പദമെന്ന് രാഹുൽ ഗാന്ധി എംപി. ബെലഗാവിയിൽ നടന്ന വിശാല പ്രവർത്തക സമിതയിലാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 112 നിയമസഭാ സീറ്റുകളിൽ 72 ലക്ഷം പുതിയ വോട്ടർമാരെയാണ് ചേർത്തത്. ഇതിൽ 108 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. എവിടെയോ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് രാഹുൽ സംശയം പ്രകടിപ്പിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് നവംബറിൽ കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാൽ, എണ്ണിയ ആകെ വോട്ടുകൾ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാൾ 5,04,313 വോട്ടുകൾ അധികമാണിത്. ഫലത്തിൽ ക്രമക്കേട് ആരോപിച്ചാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.