Saturday, January 4, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയാത്രയയക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല; തർക്കമില്ല, ബന്ധം തുടരും, ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി

യാത്രയയക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല; തർക്കമില്ല, ബന്ധം തുടരും, ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്നും കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് താന്‍ പോകുന്നതെന്നും മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം പുതിയ ചുമതലയേറ്റെടുക്കാന്‍ ബിഹാറിലേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലാണ് അദ്ദേഹം സംസാരം തുടങ്ങിയത്. ”ഗവര്‍ണറുടെ കാലാവധി തീരുന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് ഞാന്‍ പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ.” – ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സര്‍വകലാശാല വിഷയത്തിലൊഴികെ കേരള സര്‍ക്കാരുമായി യാതൊരു കലഹവും ഉണ്ടായിരുന്നില്ലെന്നും കേരള സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം വിടുന്ന സാഹചര്യത്തില്‍ വിവാദമായേക്കാവുന്ന ചോദ്യങ്ങളോടൊന്നും തന്നെ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം സ്ഥാനമൊഴിഞ്ഞ് യാത്രതിരിക്കുന്ന ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ എത്തിയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണമുള്ളതിനാല്‍ യാതൊരു ഔദ്യോഗിക ചടങ്ങുകളും പാടില്ല എന്നുള്ളതിനാലാണ് പ്രത്യേക യാത്രയയപ്പ് നല്‍കാതിരുന്നതെന്നാണ് ഇതിന് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.

മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് സര്‍ക്കാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന് എന്നും തലവേദനയായ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. പി. സദാശിവത്തിന് രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം നടത്തിയിരുന്നു. മാത്രമല്ല പിണറായി വിജയന്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com