Saturday, January 4, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമകരവിളക്ക് തീർഥാടനത്തിനായി നടതുറന്നു; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

മകരവിളക്ക് തീർഥാടനത്തിനായി നടതുറന്നു; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നടതുറന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു.

തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽനിന്നു ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു. മേൽശാന്തി അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി ആഴിയിൽ അഗ്നി പകർന്നു. ഇതിന് ശേഷം തീർഥാടകരെ പതിനെട്ടാം പടിയിലൂടെ ദർശനത്തിനായി കടത്തിവിട്ടു.

ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു വി. നാഥ്‌ തുടങ്ങിയവർ ദർശനത്തിനെത്തി. ജനുവരി 14നാണ് ഭക്തജന ലക്ഷങ്ങൾ കാത്തിരുന്ന മകരവിളക്ക് മഹോത്സവം നടക്കുന്നത്. ജനുവരി 19 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടക്കും.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതോടെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തന്നെ വലിയ നടപ്പന്തൽ തീർഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. നട തുറന്ന നാലു മണി സമയത്ത് തീർത്ഥാടകരുടെ നിര ശരം കുത്തി വരെ നീണ്ടു. തിങ്കളാഴ്ച 40,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. പുല്ലുമേട് കാനന പാത വഴിയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതീക്ഷിച്ചതിൽ കൂടുതൽ ഭക്തർ വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ എത്തിയതോടെ പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറിന് മുമ്പിലും വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു.

വൈകീട്ട് ആറു വരെ 25000 ഓളം തീർഥാടകർ ദർശനം നടത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വാഴ്ച മുതൽ വെർച്വൽ ക്യൂ വഴി 70000 പേർക്കും സ്പോർട്ട് ബുക്കിങ് മുഖേനെ 10000 പേർക്കും ദർശന സൗകര്യം ലഭിക്കും. 14ന് നടക്കുന്ന മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി 13, 14 തീയതികളിൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com