Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുകയെന്നും കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകുമെന്നും എൻ.സി.ഡി.സി ഡയറക്ടർ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി. ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് എൻ.സി.ഡി.സി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ശൈത്യകാലമായതിനാൽ ഇന്ത്യയിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ കൂടുന്ന സീസണാണിത്. ആശുപത്രികളെല്ലാം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലദോഷവും കഫക്കെട്ടുമുള്ളവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണമെന്നും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതാക്കണമെന്നും എൻ.സി.ഡി.സി വ്യക്തമാക്കി.

അതേസമയം ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.

എന്താണ് എച്ച്.എം.പി.വി വൈറസ് ?
ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാ​ഗത്തിലുള്ളത്. വൈറസ് ബാധിച്ചവരിൽ ഏറെപേരും രോ​ഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നും ആരോ​ഗ്യവിദ​ഗ്ധർ ആശങ്കപ്പെടുന്നു.

വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com