മസ്‌കത്ത് : ഒമാനിൽ താപനില വീണ്ടും താഴ്ന്നു. മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിലെ അൽസെ പർവത പ്രദേശത്ത് താപനില 0.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ് – 1.7 ഡിഗ്രി സെൽഷ്യസ്.
അൽ മസ്‌യൂന, യങ്കൾ (6.9 ഡിഗ്രി), സുനൈനാഹ് (7.2 ഡിഗ്രി) ഹൈമ (8.0 ഡിഗ്രി), മഹ്ദ, മർമൂൽ (8.9 ഡിഗ്രി) എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ താപനില. താപനില കുറഞ്ഞതിനു പിന്നാലെ തണുപ്പ് ശക്തമായി. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ മെറ്റ് ഓഫിസ് അറിയിച്ചു. പർവത പ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകും.
ഉയർന്ന കാറ്റ്, പ്രക്ഷുബ്ധമായ കടൽ, ദൃശ്യപരത കുറയൽ എന്നിവയിൽ നിന്നുള്ള അപകടസാധ്യതകൾ കാരണം ഈ പ്രദേശങ്ങളിൽ യാത്രക്കാർ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റും കടൽക്ഷോഭവും ഉള്ള സമയങ്ങളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.