ഹിന്ദി ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രമാണെന്ന പ്രതികരണവുമായി ക്രിക്കറ്റ് താരം ആർ.അശ്വിൻ. ചെന്നൈയിലെ ഒരു എൻജിനിയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമർശം. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനറിയുമോയെന്നായിരുന്നു വിദ്യാർഥികളോടുള്ള അശ്വിന്റെ ചോദ്യം. തുടർന്നാണ് ഹിന്ദി ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രമാണെന്ന പരാമർശം അശ്വിൻ നടത്തിയത്.
അശ്വിന്റെ പ്രതികരണത്തെ കൈയടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. എന്നാൽ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി. ‘‘ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിൻ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാൻ താൽപര്യമുണ്ടെന്നായിരുന്നു ഉമ ആനന്ദിന്റെ പ്രതികരണം.നേരത്തെ ആസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ടെസ്റ്റിന് പിന്നാലെ കരിയർ അവസാനിപ്പിക്കുകയാണെന്ന് അശ്വിൻ അറിയിക്കുകയായിരുന്നു. വാഷിങ്ടൺ സുന്ദറിനെ അശ്വിന് പകരം ബി.സി.സി.ഐ പരിഗണിച്ചതോടെയാണ് വിരമിക്കൽ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. അതേസമയം, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അശ്വിൻ കളിക്കും.