കോട്ടയം: വിദ്വേഷ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി. ജോർജിന് നോട്ടീസ് നൽകി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാകും സാധ്യത. അതേസമയം അറസ്റ്റ് ഒഴിവാക്കാൻ ജോർജ് ഇന്ന് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചേക്കും. മുസ്‍ലിംകള്‍ മുഴുവൻ വർഗീയവാദികളാണെന്ന പരാമർശത്തിൽ ഇന്നലെയാണ് ഈരാറ്റുപേട്ട പൊലീസ് ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ജോർജ് ചർച്ചയിൽ ആരോപിച്ചു.