വാഷിംഗ്ടണ്‍: ‘കുറ്റവാളി’യെന്ന് കോടതിവിധിച്ച ആദ്യ യു.എസ് പ്രസിഡന്റ് എന്ന കരിനിഴലും പേറിയാണ് ജനുവരി 20 ന് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുക.
ഒരു പോണ്‍ താരത്തിന് രഹസ്യമായി പണം നല്‍കിയതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റത്തിന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് യുഎസ് ജഡ്ജി ഇന്നലെ ശിക്ഷ വിധിച്ചു. അദ്ദേഹത്തിന്റെ കുറ്റപത്രത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് സ്ഥാപിക്കുമെങ്കിലും അദ്ദേഹം ജയിലില്‍ പോകുകയോ പിഴ അടയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നും വിധിയിലുണ്ട്. ‘നിരുപാധിക വിടുതല്‍’ ആണ് ട്രംപിന്റെ ശിക്ഷ.
ഇത് അമേരിക്കന്‍ പ്രസിഡന്റിന് മാത്രമുള്ള പ്രേത്യേക സുരക്ഷയുടെ പേരിലാണ്.
അതേസമയം, ഈ വിധിയോട് കൂടി കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായിരിക്കുകയാണ് ഡോണാള്‍ഡ് ട്രംപ്. ഒരു സിറ്റിംഗ് പ്രസിഡന്റിനെ അവര്‍ പ്രസിഡന്റ് സ്ഥാനത്ത് ആയിരിക്കുമ്പോള്‍ തടവില്‍ വയ്ക്കാന്‍ നിയമസംവിധാനത്തിന് കഴിയില്ല , എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ കഴിയും.
എന്നാല്‍ ശിക്ഷ വിധിക്കുന്നതിനുമുമ്പ് പല ഘടകങ്ങള്‍ പരിശോധിക്കുമെങ്കിലും, പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിനുള്ള നിയമപരമായ സംരക്ഷണം ”മറ്റെല്ലാ ഘടകങ്ങളെയും മറികടന്നു. എന്നാല്‍, ഒരു പ്രസിഡന്റിനുള്ള നിയമപരമായ സംരക്ഷണം ഉണ്ടെങ്കിലും ജൂറി വിധി ഇല്ലാതാക്കാന്‍ അധികാരമില്ലെന്നും ജഡ്ജി പറഞ്ഞു.
സ്റ്റോമി ഡാനിയേൽസ്
പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം മറച്ചുവെയ്ക്കാന്‍ ഇവര്‍ക്ക് പണം നല്‍കിയെന്നതാണ് ട്രംപിനെതിരെയുള്ള ഹഷ് മണി കേസ്. 2016 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ലൈംഗിക ബന്ധത്തെ മറച്ചുവെയ്ക്കാനായി 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരെ തെളിഞ്ഞ കുറ്റം.
2024 മെയ് മാസത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രസിഡന്റായിരുന്നില്ലെങ്കില്‍ ട്രംപ് നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുമായിരുന്നു. പകരം അദ്ദേഹം ഇപ്പോള്‍ നാല് വര്‍ഷം കൂടി പ്രസിഡന്റായി വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നു.
തന്നെ ജയിലിലേക്ക് അയയ്ക്കില്ലെന്ന് ട്രംപിന് നന്നായി അറിയാമായിരുന്നു. കോടതി വിധി വന്നപ്പോള്‍ വെര്‍ച്വലായാണ് ട്രംപ് നടപടികള്‍ കേട്ടത്. അങ്ങനെ ചെയ്യാന്‍പോലും കോടതി നിയുക്ത പ്രസിഡന്റിനെ അനുവദിച്ചിരുന്നു.
‘രാജ്യത്തിന്റെ പരമോന്നത പദവിയില്‍ അതിക്രമിച്ചു കടക്കാതെ ശിക്ഷാവിധി നല്‍കാന്‍ അനുവദിക്കുന്ന ഒരേയൊരു നിയമപരമായ ശിക്ഷ, ‘നിരുപാധികമായ വിടുതല്‍’ മാത്രമാണെന്ന് കോടതി നിര്‍ണ്ണയിച്ചു,’ ശിക്ഷ വിധിച്ച ന്യൂയോര്‍ക്ക് ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു. ഇത്രയും സവിശേഷവും ശ്രദ്ധേയവുമായ സാഹചര്യങ്ങള്‍ ഈ കോടതിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കുറ്റവാളിയായ ആദ്യ പ്രസിഡന്റ് എന്ന പേര് തനിക്കു കിട്ടാതിരിക്കാന്‍ എല്ലാ അടവും ട്രംപ് പയറ്റിനോക്കിയിരുന്നു. ട്രംപ് തന്റെ എല്ലാ അധികാരവും വിഭവങ്ങളും ഉപയോഗിച്ച് അത് മറികടക്കാന്‍ ശ്രമിച്ചെങ്കിലും കോടതി വഴങ്ങിയില്ല. പക്ഷേ ശിക്ഷാവിധി തുടരാമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചപ്പോള്‍ വലിയ തിരിച്ചടി നേരിട്ടു. ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് പത്ത് ദിവസം മാത്രം ശേഷിക്കെയാണ് ഇന്നലത്തെ വിധി എത്തിയത് എന്നതും ശ്രദ്ധേയം.