തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ചീഫ് നോമിനേഷൻ ആൻഡ് ഇലക്ഷൻ കമ്മീഷൻ (സിഎൻഇസി) ഓഫീസ് 2025-2027 കാലയളവിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സംഘടനയുടെ ജനാധിപത്യ പ്രക്രിയയിലെ നിർണായക ചുവടുവയ്പാണ് തിരഞ്ഞെടുപ്പെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്ന് ഗ്ലോബൽ ട്രഷറർ ഷാജി മാത്യു ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാ നടപടിക്രമങ്ങളും സൂക്ഷ്മമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ ഊന്നിപ്പറഞ്ഞു.
2025 ഫെബ്രുവരി മുതലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രവിശ്യാ തിരഞ്ഞെടുപ്പുകൾ 2025 മാർച്ച് 14നും പ്രാദേശിക തെരഞ്ഞെടുപ്പുകൾ 2025 മെയ് 13നും ആഗോള തിരഞ്ഞെടുപ്പ് 2025 ജൂലൈ 13ന് അകവും പൂർത്തിയാകും.