ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അസാധാരണ ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ദിവസം വിഭാഗീയതയിൽ താക്കീത് സ്വരത്തിൽ സംസാരിച്ച മുഖ്യമന്ത്രി കുട്ടനാട് എംഎൽഎക്ക് എതിരെ സംസാരിച്ച ജില്ല സെക്രട്ടറിയെ തിരുത്തി തോമസ് കെ തോമസിന് അനുകൂലമായി സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറിയായി ആർ നാസർ തന്നെ തുടരാനാണ് സാധ്യത.
തോമസ് കെ തോമസിനെതിരെ കുട്ടനാട്ടിലെ പ്രാദേശിക വികാരമാണ് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചത്. എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളെ അക്കമിട്ട് നിരത്തിയ പ്രതിനിധികളെ മറുപടി പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പിന്തുണച്ചു. സിപിഎം പ്രവർത്തകർ വിയർപ്പൊഴുക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യത്തെയും ജില്ലാ സെക്രട്ടറി അനുകൂലിച്ചു. ഉടൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായി.