ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ പടരുന്ന മാരകമായ കാട്ടുതീ അണയ്ക്കാനാകാത്തത് ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മ കാരണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ലോസ് ഏഞ്ചല്‍സില്‍ ഇപ്പോഴും തീ പടരുന്നു. കഴിവില്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് അത് എങ്ങനെ കെടുത്തണമെന്ന് അറിയില്ല,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറ്റപ്പെടുത്തി. ‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തങ്ങളിലൊന്നാണിത്. അവര്‍ക്ക് തീ അണയ്ക്കാന്‍ കഴിയില്ല. എന്താണ് കുഴപ്പം?’ ട്രംപ് ചോദിച്ചു.
കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം തീപിടുത്തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
ലോസ് ഏഞ്ചല്‍സിനെ വിനാശകരമായി ബാധിച്ച കാട്ടുതീ കെടുത്താനാകാത്തത് അഗ്‌നിശമന വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. മാത്രമല്ല, ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍ സംസ്ഥാനത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുകയും ചെയ്തു.