തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടു രാജിക്കത്തു കൈമാറി. സുപ്രധാന പ്രഖ്യാപനം നടത്താനായി വാർത്താസമ്മേളനം വിളിച്ചതിനു പിന്നാലെയാണു രാജിതീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു.
തൃണമൂലിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കോഓർഡിനേറ്റർ സ്ഥാനം ഏറ്റെടുത്തെങ്കിലും പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് അൻവറിന്റെ നിലപാട്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. എന്നാൽ, അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ട് അൻവർ രാജിക്കൊരുങ്ങുന്നുവെന്നാണ് അഭ്യൂഹം.