Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് ഇനി വര്‍ഷം മുഴുവന്‍ യാത്ര സാധ്യം: Z മോഡ് തുരങ്കം...

ജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് ഇനി വര്‍ഷം മുഴുവന്‍ യാത്ര സാധ്യം: Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷം മുഴുവന്‍ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗാന്ദര്‍ബാല്‍ ജില്ലയിലെ സോനമാര്‍ഗിനെയും ഗഗന്‍മാര്‍ഗിനെയുമാണ് ഈ തുരങ്കം ബന്ധിപ്പിക്കുന്നത്. തുരങ്കം നിലവില്‍ വരുന്നതിന് മുന്‍പ്, ഹിമപാതഭീഷണി നിലനിന്നിരുന്ന Z ടേണ്‍ വഴിയിലൂടെ മാത്രമായിരുന്നു ഇവിടേക്കുള്ള യാത്ര സാധ്യമായിരുന്നത്.

ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള റോഡിന് പകരം വരുന്ന തുരങ്കമായതിനാലാണ് തുരങ്കത്തിന് Z മോഡ് എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 2,637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം 6.5 കിലോമീറ്ററാണ്. ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് (എന്‍.എ.ടി.എം.) ഉപയോഗിച്ചാണ് നിര്‍മാണം. ഇരട്ടവരി ഗതാഗതമാണ് തുരങ്കത്തിലൂടെയുള്ളത്. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍, ആയിരം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി 7.5 മീറ്റര്‍ വിസ്തൃതിയുള്ള മറ്റൊരു തുരങ്കവും നിര്‍മിച്ചിട്ടുണ്ട്.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ 2012-ലാണ് ഈ തുരങ്കപാതയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. പിന്നീട് നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആപ്കോ ഇന്‍ഫ്രാടെക്കിന് തുരങ്കനിര്‍മ്മാണത്തിനുള്ള കരാര്‍ കൊടുത്തു. 2,400 കോടിരൂപയാണ് നിര്‍മാണച്ചെലവ്. പദ്ധതി 2023 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഏറെ നിര്‍ണായകമായ സോജില ടണല്‍ പ്രൊജക്ടിന്റെ ഭാഗമാണ് സെഡ്-മോഡ് പ്രൊജക്ട്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ തുടരവെ ലഡാക്കിലേക്ക് വര്‍ഷത്തില്‍ എല്ലാ സമയത്തും ഗതാഗതം സാധ്യമാക്കാനുള്ള പദ്ധതിയാണ് സോജില ടണല്‍ പ്രൊജക്ട്. ആവശ്യമെങ്കില്‍ ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് വരെ ഈ പാത ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. 12,000 അടി ഉയരത്തിലുള്ള സോജില ടണല്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. സെഡ്-മോര്‍ ടണല്‍ തുറക്കുന്നതോടെ 2026 ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ടണലിന്റെ നിര്‍മാണം വേഗത കൈവരിക്കും.

പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുരങ്കം സന്ദര്‍ശിക്കുകയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. നിര്‍മാണത്തിന്റെ ഭാഗമായ എന്‍ജിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com