ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നല്‍കാന്‍ വിസമ്മതിച്ച 2023 ഒക്ടോബറിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആ വിധിയില്‍ തെറ്റൊന്നും ഇല്ലെന്നും ഇടപെടല്‍ ആവശ്യമില്ല എന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ ഹര്‍ജികളില്‍ തുറന്ന വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, സൂര്യകാന്ത്, ബി.വി. നാഗരത്‌ന, പി.എസ്. നരസിംഹ, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ഭൂരിപക്ഷ വിധിന്യായങ്ങള്‍ പരിശോധിച്ചുവെന്നും അവയില്‍ ഒരു തെറ്റും കണ്ടെത്തിയില്ലെന്നും ബെഞ്ച് പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2024 ജൂലൈയില്‍ അവ കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുന്ന ബെഞ്ച് രൂപീകരിച്ചത്. 2023 ഒക്ടോബറിലെ വിധിന്യായത്തില്‍, നിയമം അംഗീകരിച്ചിട്ടുള്ളവ ഒഴികെ വിവാഹത്തിന് ‘അനൗപചാരിക അവകാശമൊന്നുമില്ല’ എന്ന് ബെഞ്ച് പറഞ്ഞിരുന്നു.