വാഷിങ്ടൺ: കൊക്ക കോളയുടെ ഡയറ്റ് കോക്ക് സ്വീകരിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊക്ക-കോള സി ഇ ഒ ജെയിംസ് ക്വിൻസാണ് ട്രംപിന് ഡയറ്റ് കോക്ക് സമ്മാനിച്ചത്. ആഢംബരപൂർണമായ ചുവന്ന ബോക്സിലാക്കിയാണ് ട്രംപിന് ഡയറ്റ് കോക്ക്, കൊക്ക കോള സമ്മാനിച്ചത്. ട്രംപിന്റെ രണ്ടാം വരവ് സൂചിപ്പിക്കുന്ന ഒരു ലേബലും യു എസ് സമ്പദ് വ്യവസ്ഥയിൽ കൊക്ക-കോളയുടെ സംഭവന പറയുന്ന കുറിപ്പും ഈ ബോക്സിൽ ഉൾപ്പെടുത്തിയിരുന്നു.
സ്ഥാനാരോഹണത്തിന് മുമ്പ് തങ്ങളുടെ ഉൽപ്പന്നം പ്രസിഡന്റിന് നൽകി ആദരിക്കുന്ന പാരമ്പര്യം കൊക്ക-കോളയ്ക്ക് പണ്ടുമുതലെയുണ്ട്. ബാറക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് 2009 ലും 2013ലും കൊക്ക-കോള സമ്മാനിച്ചിരുന്നു. 2021ൽ സമാനമായി ജോ ബൈഡനും കൊക്ക കോള ആദരമർപ്പിച്ചിരുന്നു.
ഡയറ്റ് കോക്കിനോടുള്ള ട്രംപിന്റെ പ്രിയം അമേരിക്കയിൽ പാട്ടാണ്. ഡയറ്റ് കോക്ക് സ്വീകരിച്ച ട്രംപ് അതിലുളള സന്തോഷം ജെയിംസ് ക്വിൻസുമായി പങ്കുവെയ്ക്കുകയും ചെയ്തു. ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ച ജെയിംസ് ക്വിൻസ് യു എസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ കൊക്ക കോളയ്ക്കുളള പങ്കിനെ കുറിച്ച് ട്രംപുമായി സംസാരിക്കുകയും ചെയ്തു. കൊക്ക-കോള കമ്പനി നിർമ്മിച്ച് വിതരണം ചെയ്യുന്ന പഞ്ചസാര രഹിതവും കലോറി കുറഞ്ഞതുമായ ഒരു ശീതളപാനീയമാണ് ഡയറ്റ് കോക്ക്. ഇതിൽ പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുരവും അടങ്ങിയിട്ടുണ്ട്.