ന്യൂഡൽഹി : ഏഴു പതിറ്റാണ്ടുമുൻപ് ജവാഹർലാൽ നെഹ്റു നിർദേശിച്ച സ്ഥലത്ത് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരം തുറന്നു. പാർട്ടിയെ കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയാണ് ‘ഇന്ദിരാഭവൻ’ എന്നു പേരിട്ട പുതിയ ഓഫിസ് മന്ദിരത്തിനു മുന്നിൽ പാർട്ടി പതാക ഉയർത്തിയും നാട മുറിച്ചും ഉദ്ഘാടനം ചെയ്തത്. 1952–ലെ പ്രവർത്തക സമിതി യോഗത്തിലാണ് കോട്‌ല റോഡിലെ സ്ഥലം നെഹ്റു നിർദേശിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. കോട്‌ല റോഡ് 9–ാം നമ്പറിലാണു പുതിയ ആസ്ഥാന മന്ദിരം.
കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും രക്തത്തിൽനിന്നും ഇന്ത്യയുടെ മണ്ണിൽനിന്നുമാണു പുതിയ ഓഫിസ് മന്ദിരം രൂപപ്പെട്ടതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിയുടെ 140 വർഷത്തെ ചരിത്രവും ത്യാഗവുമെല്ലാം പുതിയ ഓഫിസിന്റെ ചുമരിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ലൈബ്രറിക്കു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേരാണ് നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവർ പ്രസംഗിച്ചു. പാർട്ടിയുടെ പ്രധാന ഓഫിസുകൾ പുതിയ മന്ദിരത്തിലേക്ക് മാറുമെങ്കിലും നേരത്തേ പ്രവർത്തിച്ച അക്ബർ റോഡിലെ 24–ാം നമ്പർ ഓഫിസിലും പ്രവർത്തനങ്ങൾ തുടരും. പൂർണമായും പുതിയ മന്ദിരത്തിലേക്കു മാറാൻ 2 മാസമെടുക്കുമെന്നു വേണുഗോപാൽ വ്യക്തമാക്കി. 2009–ൽ പാർട്ടിയുടെ 125–ാം ജന്മവാർഷികദിനത്തിലാണു പുതിയ മന്ദിരത്തിനു തറക്കല്ലിട്ടത്.