ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമീഷന്‍ രൂപവത്കരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ശമ്പള കമീഷന് അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ചെയർമാനും രണ്ട് അംഗങ്ങളുമടങ്ങുന്ന കമീഷനെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷന്‍ രൂപവത്കരിക്കുന്നത്. ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള ഘടന അടിമുടി പരിഷ്കരിക്കുന്ന ശമ്പള കമീഷൻ 10 വർഷം കൂടുമ്പോഴാണ് അംഗീകരിക്കാറുള്ളത്. 2016ലാണ് ഏഴാമത് ശമ്പള കമീഷൻ നിലവിൽ വന്നത്. 2026വരെയാണ് അതിന്റെ കാലാവധി. കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടാം ശമ്പള കമീഷന്‍ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.ആറാം ശമ്പള കമീഷനിൽ അടിസ്ഥാന ശമ്പളം 7000 രൂപയായിരുന്നു. ഏഴാം ശമ്പള കമീഷനിൽ അത് 18,000 രൂപയായി. കുറഞ്ഞ പെൻഷൻ 3500 രൂപയിൽ നിന്ന് 9000 രൂപയായി വർധിച്ചു. അതുപോലെ പരമാവധി ശമ്പളം 2,50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമായി ഉയർന്നു.