വാഷിംഗ്ടണ്‍: ജനുവരി 20 ന് ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെ ഔദ്യോഗികമായി കാലാവധി അവസാനിക്കുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. ഓവല്‍ ഓഫീസില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ബൈഡന്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കുകയും കഴിഞ്ഞ നാല് വര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു.
‘എല്ലാ അമേരിക്കക്കാര്‍ക്കും പ്രസിഡന്റാകാനുള്ള എന്റെ പ്രതിബദ്ധത ഞാന്‍ പാലിച്ചു. ഒരു പകര്‍ച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും ഉള്ള കഠിനമായ നാല് വര്‍ഷത്തിലൂടെയാണ് നമ്മള്‍ കടന്നുപോയത്. നമ്മള്‍ നേടിയ എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു,’ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ ഉത്തരവാദിത്തത്തോടെ നിലനിര്‍ത്താനും അമേരിക്കന്‍ ജനാധിപത്യത്തെ സജീവമായി നിലനിര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
ട്രംപ് ഭരണകൂടത്തിന് വിജയം ആശംസിച്ച ബൈഡന്‍, അടുത്ത നാല് വര്‍ഷങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കകളെക്കുറിച്ചും സംസാരിച്ചു, പ്രത്യേകിച്ച് ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയും ഏതാനും സമ്പന്നരുടെ കൈകളിലെ അധികാര ദുര്‍വിനിയോഗവും അദ്ദേഹം ആശങ്കയായി പ്രകടിപ്പിച്ചു. അമേരിക്കന്‍ ജനാധിപത്യം അവിശ്വാസത്തിന്റെയും വിഭജനത്തിന്റെയും ഒരു യുഗത്തെ അഭിമുഖീകരിക്കുകയാണെന്നും ജനാധിപത്യ പ്രക്രിയയില്‍ വ്യാപൃതരാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, തന്റെ ഭരണകൂടത്തിലെ അംഗങ്ങള്‍ക്കും, ഫസ്റ്റ് റെസ്‌പോണ്‍ഡേഴ്‌സിനും, സൈനികര്‍ക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
നാല് വര്‍ഷം തനിക്കൊപ്പം പ്രവര്‍ത്തിച്ചതിന് വൈസ് പ്രസിഡന്റ് കമല ഹാരിസിന് അദ്ദേഹം നന്ദി പറഞ്ഞു. ”എനിക്ക് രണ്ടാമത്തെ കുടുംബം പോലെയുള്ള കമലയ്ക്കും ഡഗ് ഹാരിസിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പഞ്ഞ ബൈഡന്‍ അമേരിക്കക്കാര്‍ തെറ്റായ വിവരങ്ങളില്‍ മുങ്ങിത്താഴുന്നുവെന്നും സ്വതന്ത്ര മാധ്യമങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആശങ്ക പങ്കുവെച്ചു. കൃത്രിമബുദ്ധി പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ക്ക് ചുറ്റും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.