തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.എം ബഷീറാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽകുമാറും ഗൂഢാലോചന കേസിൽ പ്രതികളാണ്.
2022 ഒക്ടോബർ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേർത്ത കഷായം നൽകുകയുമായിരുന്നു.