ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം ഏറ്റുവാങ്ങി ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് ഷൂട്ടര്‍ മനു ഭാക്കറും കൗമാര ചെസ് ലോക ചാമ്പ്യന്‍ ഡി ഗുകേഷും. ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടന്ന ദേശീയ കായിക അവാര്‍ഡ് ദാന ചടങ്ങില്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതി നേടിയ മറ്റ് രണ്ട് പേര്‍ പുരുഷ ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗും പാരാലിമ്പിക് സ്വര്‍ണ്ണ ജേതാവ് ഹൈജമ്പ് പ്രവീണ്‍ കുമാറുമാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയതോടെ 22 കാരിയായ ഭാക്കര്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ഇന്ത്യയിലെ ആദ്യ അത്ലറ്റായി മാറി. കഴിഞ്ഞ മാസം ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് 18 കാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യനായി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. ടോക്കിയോയിലും പാരീസ് ഒളിമ്പിക്‌സിലും വെങ്കല മെഡലുകള്‍ നേടിയ ദേശീയ ടീമുകളുടെ ഭാഗമായിരുന്നു ഹര്‍മന്‍പ്രീത്.
ഇക്കുറി മലയാളി നീന്തൽ താരം സജൻ പ്രകാശടക്കം32 അത്ലറ്റുകള്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിക്കുന്നു. അതില്‍ 17 പേര്‍ പാരാ അത്ലറ്റുകളാണ്. പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം അമന്‍ സെഹ്റാവത്ത്, ഷൂട്ടര്‍മാരായ സ്വപ്നില്‍ കുസാലെ, സരബ്ജോത് സിംഗ്, പുരുഷ ഹോക്കി ടീം കളിക്കാരായ ജര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, സഞ്ജയ്, അഭിഷേക് എന്നിവരടങ്ങുന്ന സംഘമാണ് അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഖേല്‍രത്ന അവാര്‍ഡ് ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയാണ്.