തിരുവനന്തപുരം: വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മയും അമ്മാവൻ നിർമല കുമാരൻ നായർക്കുമുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതിയാണ് ശിക്ഷ വിധിക്കുക.അതേസമയം, കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം നെയ്യാറ്റിൻകര കോടതിയിൽ നടന്നു. പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷനും സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഗ്രീഷ്മയെ ബ്ലാക്ക് മെയിൽ ചെയ്തെന്ന് പ്രതിഭാഗവും വാദിച്ചു.
ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി ഇന്റർനെറ്റിൽ സെർച്ചിങ് നടത്തി. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ തന്നെയുണ്ട്.മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങൾ ദുരുപയോഗം ചെയ്തു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതി ദയ അർഹിക്കുന്നില്ല. മാപ്പ് അർഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
ആത്മാർഥമായാണ് ഷാരോണിനെ ഗ്രീഷ്മ പ്രണയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ട്. നല്ല ബന്ധമുള്ളപ്പോൾ കൈവശപ്പെടുത്തിയ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു. ബന്ധം മോശമായപ്പോൾ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, ബ്ലാക്ക് മെയിൽ ചെയ്ത് ഷാരോൺ പിന്നാലെ വന്നു. ഗ്രീഷ്മക്ക് തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷൻ വ്യക്തമാക്കി.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കത്ത് കൈമാറി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് ഗ്രീഷ്മയുടെ കത്തിലുള്ളത്. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. എം.എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി.
കേസിൽ ഒന്നാം പ്രതി പാറശ്ശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന കുറ്റത്തിനുമാണ് ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) 2022 ഒക്ടോബർ 14ന് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്.ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മ സിന്ധു ഒത്താശ ചെയ്തെന്നും കീടനാശിനി ഗ്രീഷ്മക്ക് വാങ്ങി നൽകിയത് അമ്മാവൻ നിർമല കുമാരൻ നായരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബി.എസ്സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്.