Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയല്ല വേണ്ടത്, മന്ത്രി മറുപടി പറയണം’; പരിഹാസത്തെ വിമർശിച്ച് വി.ഡി സതീശന്‍

‘ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയല്ല വേണ്ടത്, മന്ത്രി മറുപടി പറയണം’; പരിഹാസത്തെ വിമർശിച്ച് വി.ഡി സതീശന്‍

കൊച്ചി: കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കാനുള്ള പിണറായി സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷ നടപടിയെ വിഷയ ദാരിദ്രമെന്നും കോണ്‍ഗ്രസിലെ തര്‍ക്കമെന്നും പരിഹസിച്ച എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ സാധിക്കാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നതു പോലെയാണ് മന്ത്രിയുടെ പ്രതികരണമെന്ന് സതീശൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവെന്ന നിലയിലാണ് മന്ത്രിയോട് രണ്ട് ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടി പറയാതെ കോണ്‍ഗ്രസില്‍ ഞാനും രമേശ് ചെന്നിത്തലയും തമ്മില്‍ തര്‍ക്കമെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. അന്നത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബ്രൂവറിക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് ചെന്നിത്തല. അന്ന് ഞാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ചാണ് നിലപാടെടുത്തത്. മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കില്‍ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ സാധിക്കാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നതു പോലെയാണ് വിഷയദാരിദ്ര്യമെന്നും രമേശ് ചെന്നിത്തല, കോണ്‍ഗ്രസിലെ തര്‍ക്കം എന്നൊക്കെ മന്ത്രി പറയുന്നത്. അതൊക്കെ മാറ്റി വച്ച് ചോദിച്ചതിന് മറുപടി പറയുകയാണ് വേണ്ടത്. എന്തു കിട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല. എന്നിട്ടാണ് നിങ്ങള്‍ മദ്യനയത്തിന്റെ പോയിന്റ് 24 നോക്കൂവെന്ന് മന്ത്രി പറയുന്നത്. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കുമെന്നാണ് പോയിന്റ് 24-ല്‍ പറയുന്നത്. ഇവിടെ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാനുള്ള അനുമതി മാത്രമാണോ നല്‍കിയിരിക്കുന്നത്?

എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവക്കൊക്കെ അനുമതി നല്‍കിയിരിക്കുകയാണ്. പോയിന്റെ 24 പറഞ്ഞിരിക്കുന്നതിനല്ല അനുമതി നല്‍കിയത്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. എന്തിനാണ് ടെന്‍ഡര്‍, കൊടുത്താല്‍ പോരെ എന്നതാണ് മന്ത്രിയുടെ മറ്റൊരു ചോദ്യം. എല്ലാവര്‍ക്കും അനുമതി നല്‍കുമെങ്കില്‍ അത് ശരിയാണ്. മദ്യനയം മാറ്റി, ഇത്തരത്തില്‍ അനുമതി നല്‍കുന്നുണ്ടെന്ന കാര്യം സമാനമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനി അറിഞ്ഞിട്ടുണ്ടോ?

മന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാടാണ്. ഒരു സുതാര്യതയുമില്ല. അതുകൊണ്ടാണ് ഇത് അഴിമതിയാണെന്നു പറയുന്നത്. എലപ്പുള്ളി പഞ്ചായത്തില്‍ ഈ മദ്യനിര്‍മാണ കമ്പനി 26 ഏക്കര്‍ സ്ഥലം മതില്‍കെട്ടി എടുത്തിട്ടുണ്ട്. പഞ്ചായത്തിനോടും നാട്ടുകാരോടും പറഞ്ഞത് കോളജ് തുടങ്ങാനെന്നാണ്. മദ്യ നിര്‍മാണ യൂണിറ്റാണ് ഈ സര്‍ക്കാരിന്റെ കോളജ്. രണ്ടു വര്‍ഷം മുന്‍പ് എക്‌സൈസ് മന്ത്രിയും സര്‍ക്കാരും ഈ കമ്പനിയുമായി ഗൂഢാലോചന ആരംഭിച്ചതാണ്.ചോദ്യങ്ങള്‍ക്കാണ് മന്ത്രി ആദ്യം മറുപടി പറയേണ്ടത്.

ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായതിനു പുറമെ പഞ്ചാബില്‍ ഭൂഗര്‍ഭ ജലവും ഉപരിതല ജലവും മലിനപ്പെടുത്തിയ കമ്പനിയെ എന്തിനാണ് തെരഞ്ഞെടുത്തത്? ജല മലിനീകരണത്തിന് കൊക്കക്കോള പ്ലാന്റ് അടച്ചുപൂട്ടിയ ജില്ലയില്‍ തന്നെ ദശലക്ഷക്കണക്കിന് ലിറ്റര്‍ ആവശ്യമുള്ള ഈ പ്ലാന്റ് എന്തിന് അനുവദിച്ചു? മദ്യ നയത്തിലെ 24 നോക്കൂ എന്ന് മന്ത്രി പറഞ്ഞു. ഞങ്ങള്‍ നോക്കി. ഈ കമ്പനിക്ക് നല്‍കിയതും 24ല്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. എന്തുകൊണ്ടാണ് രഹസ്യമായി ഈ കമ്പനിയുമായി മാത്രം ചര്‍ച്ച നടത്തി അവര്‍ക്കു തന്നെ കൊടുത്തത്? ഇഷ്ടക്കാര്‍ക്ക് പട്ടുംവളയും നല്‍കാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്.നടപടിക്രമങ്ങളുള്ള നാടാണ്. മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. വിഷയ ദാരിദ്രമെന്നും കോണ്‍ഗ്രസിലെ തര്‍ക്കമെന്നും പറഞ്ഞാല്‍ മറുപടിയാകില്ല. ചോദിച്ചതിന് മറുപടി പറയാതെ പിന്തിരിഞ്ഞ് ഓടരുത്. കൊടിയ അഴിമതിയാണ് നടന്നത്. കൊടിയ അഴിമതിക്കാണ് മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുന്നത്. ഈ ഇടപാടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരും. കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് എക്‌സൈസ് മന്ത്രി സംസാരിച്ചത്. മന്ത്രി പുകഴ്ത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്നു മനസിലായത്. സ്വന്തം ജില്ലയിലെ ആളുകളുടെ കുടിവെള്ളം മുട്ടിക്കാനാണ് എക്‌സൈസ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെടുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com