തിരുവനന്തപുരം: നിർണായകമായ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പി.വി അൻവറിന്റെ തീരുമാനം, വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ്, ബ്രൂവറി ആരംഭിക്കാനുള്ള സർക്കാർ അനുമതി തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യും.
നേതാക്കൾ തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച വിളിച്ച യോഗം മാറ്റി വെച്ചിരുന്നു. പിന്നാലെ ഹൈക്കമാൻഡ് ഇടപെട്ടതോടെയാണ് വീണ്ടും യോഗം വിളിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുമാണ് ഔദ്യോഗിക അജണ്ട.
കെപിസിസി പുനസംഘടനയും മുഖ്യമന്ത്രി സ്ഥാനാഥി ആരെന്നത് സംബന്ധിച്ച തർക്കങ്ങളും പാർട്ടിയിൽ സജീവമാണെങ്കിലും രാഷ്ട്രീയകാര്യ സമിതിയിൽ ഇവ ഉന്നയ്ക്കപ്പെട്ടേക്കില്ല. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.