കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ പ്രതികരണവുമായി അയാളുടെ മാതാവ്. കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് പ്രതിയുടെ മാതാവ് മാലതി റോയിയുടെ പ്രതികരണം. മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്ന് മാലതി റോയ് പറഞ്ഞു. ”എനിക്ക് മൂന്ന് പെണ്‍മക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസ്സിലാകും. അവന്‍ അര്‍ഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”- മാലതി റോയി പറഞ്ഞു.
സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിത പറഞ്ഞു. സഹോദരന്‍ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാന്‍ ഭയമായി. ആഴ്ചയില്‍ ഒരിക്കല്‍ ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു. അതും നിര്‍ത്തേണ്ടി വന്നു. ഒരാള്‍ ചെയ്ത കുറ്റത്തിന് തങ്ങള്‍ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണ്. ആളുകള്‍ വളരെ മോശമായാണ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് പോലും പഴികേള്‍ക്കേണ്ടി വന്നു .ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറഞ്ഞു.
സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്‍ പോലും മാതാവോ സഹോദരിയോ അയാളെ കാണാന്‍ ജയിലില്‍ എത്തിയില്ല.
നിര്‍ഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ വാദിച്ചത്.. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വര്‍ഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി പറഞ്ഞു.