Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിങ്ടൻ : യുഎസിൽ ഇനി ട്രംപ് യുഗം. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.

ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം 100 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പിടുമെന്നാണു റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വർധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിർത്താനുമുൾപ്പെടെ അടിയന്തര നടപടികളാണ് ആദ്യമണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപിന്റെ തൊട്ടടുത്തു തന്നെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം പിടിച്ചിരുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. വൈറ്റ് ഹൗസിലെത്തി ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാവേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.

അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കിയാണ് ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയത്. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments