വാഷിങ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെ കാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ഡോണൾഡ് ട്രംപ്. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.
ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. കേസിൽ കുറ്റക്കാരായ 1500 പേർക്കാണ് ട്രംപ് അധികാരമേറ്റശേഷമുള്ള ആദ്യ ഉത്തരവിൽ ഒപ്പുവെച്ചത്. അവർ ബന്ദികളാണെന്നും കേസിൽ കുറ്റക്കാരായ 1500 പേർക്കും മാപ്പ് നൽകുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് രാത്രി തന്നെ അവർക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിൽ ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. അമേരിക്കൻ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ടദിനമായാണ് കാപിറ്റോൾ ആക്രമണത്തെ ജനാധിപത്യവിശ്വാസികൾ കാണുന്നത്. അക്രമത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് യു.എസ് നീതിന്യാക വകുപ്പ് കണ്ടെത്തിയിരുന്നു.
എന്നാൽ, അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കേസ് തള്ളിയിരുന്നു. അതേസമയം, രണ്ടാം തവണയാണ് അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിന്മാറുന്നത്. കരാറിൽനിന്ന് പിന്മാറുന്നതായി അറിയിച്ച് ഐക്യരാഷ്ട്ര സഭക്ക് ഔദ്യോഗികമായി നൽകുന്ന കത്തിൽ ട്രംപ് ഒപ്പുവെച്ചു. കാലാവസ്ഥാ വ്യതിയാനവും അതിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങളും നേരിടാൻ, പാരീസിൽ നടന്ന യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിലാണ് ലോക നേതാക്കൾ 2015 ഡിസംബർ 12ന് ചരിത്രപരമായ പാരീസ് ഉടമ്പടിയിലെത്തിയത്.