Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പാകിസ്താന്റെ പേരില്ല’; ബി.സി.സി.ഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരുന്നുവെന്ന് പി.സി.ബി

‘ചാമ്പ്യൻസ് ട്രോഫി ജഴ്സിയിൽ പാകിസ്താന്റെ പേരില്ല’; ബി.സി.സി.ഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരുന്നുവെന്ന് പി.സി.ബി

മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് പ്രിന്റ് ചെയ്യാതെയാണ് ഇന്ത്യൻ ടീമിന്റെ ജഴ്സി പുറത്തിറക്കുന്നതെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വിവാദമുയരുന്നത്. ഐ.സി.സി ടൂർണമെന്റുകളിൽ ടീമുകൾ ലോഗോയോടൊപ്പം ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിന്റെ പേരും ജഴ്സിയിൽ പ്രിന്റ് ചെയ്യാറുണ്ട്. എന്നാൽ ഇന്ത്യ ഇതിനു തയാറാകുന്നില്ലെന്നും ബി.സി.സി.ഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരികയാണെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ആരോപിച്ചു.

“ബി.സി.സി.ഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരികയാണ്, ഇത് ഗെയിമിന് ഒട്ടും അനുയോജ്യമല്ലാത്ത കാര്യമാണ്. അവർ പാകിസ്താനിലേക്ക് ടീമിനെ അയക്കാനോ ഉദ്ഘാടന ചടങ്ങിന് ക്യാപ്റ്റനെ അയക്കാനോ തയാറായില്ല. ഇപ്പോൾ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് ജഴ്സിയിൽ പ്രിന്റ് ചെയ്യില്ലെന്ന് റിപ്പോർട്ട് വരുന്നു. ഐ.സി.സി ഇതിൽ ഉചിതമായ തീരുമാനം സ്വീകരിക്കുകയും പാകിസ്താന് പിന്തുണ നൽകുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്” -പി.സി.ബി അധികൃതർ ഐ.എ.എൻ.എസിനോട് പ്രതികരിച്ചു.

നേരത്തെ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐ.സി.സി തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകൾ കളിക്കാൻ പാകിസ്താനും ന്യൂട്രൽ വേദി അനുവദിക്കണമെന്ന ഉപാധിയോടെയാണ് പി.സി.ബി ഹൈബ്രിഡ് മോഡലിന് വഴങ്ങിയത്.

നേരത്തെ ടൂർണമെന്‍റിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിന് രോഹിത് പാകിസ്താനിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അതിനെ നിരാകരിക്കുന്നതാണ് പി.സി.ബി ഉദ്യോഗസ്ഥന്റെ പ്രതികരണം. ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ വിവാദം. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാകിസ്താനെയും മാർച്ച് രണ്ടിന് ന്യൂസിലൻഡിനെയും ഇന്ത്യ നേരിടും. എല്ലാ മത്സരങ്ങളും ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30നാണ് ആരംഭിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com