ജിദ്ദ: സൗദി അറേബ്യയിലേക്ക് ജോലി ലഭിക്കാൻ പരീക്ഷകൾ നിർബന്ധമാക്കിയ പ്രൊഫഷണുകളുടെ എണ്ണം 1007 ആയി ഉയർന്നു. 160 രാജ്യങ്ങളിലാണ് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഉള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനായി സൗകര്യം നേരത്തെ ഒരുക്കിയിരുന്നു.
ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് 160 രാജ്യങ്ങളിലാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം നിർബന്ധമാക്കിയത്. ഇതോടെ തൊഴിൽ തേടിയെത്തുന്ന മുഴുവൻ രാജ്യങ്ങളിലും പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു.
തൊഴിൽ വിപണിയെ നിയന്ത്രിക്കുകയും ജോലികളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുകയുംമാണ് സൗദി മാനവിഭശേഷി സാമൂഹിക വികസന മന്ത്രാലയം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സർട്ടിഫിക്കറ്റ് ലഭ്യമാകാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം തിയറി പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള അപ്പോയ്ന്റ്‌മെന്റ് എടുത്ത് പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുക. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ പുതുതായി സൗദിയിലേക്ക് വരുന്നവർക്ക് ആദ്യഘട്ടത്തിൽ ടെസ്റ്റ് നിലവിൽ വന്നിരുന്നു. നിലവിൽ 1,007 തൊഴിൽ ഗ്രൂപ്പുകളിൽ പെട്ട തൊഴിലുകളിലാണ് യോഗ്യത ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്.