കൊച്ചി: പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം. ബി കെ സുബ്രഹ്മണ്യനെതിരെയാണ് നടപടി. പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികൾ പ്രഖ്യാപിച്ചു. അതിന് ശേഷം ഏരിയ കമ്മിറ്റിയുടെ അംഗീകാരവും സുബ്രഹ്മണ്യനെതിരെയുളള നടപടിക്ക് ലഭിച്ചു.
കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്മണ്യൻ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റ് നടപടികളിലേക്കോ പോയിട്ടില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കേസ് എടുത്ത് ആറു ദിവസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഐഎം നേതൃത്വമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ജനുവരി 12 ഞായറാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുഞ്ഞ് പെട്ടെന്ന് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചത്ത് പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാൻ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോൾ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.