കൊല്‍ക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പി.ജി ഡോക്ടറുടെ ബലാത്സംഗ-കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീലില്‍ കല്‍ക്കട്ട ഹൈകോടതി വാദം കേള്‍ക്കും. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണകോടതി വിധിക്കെതിരെ നൽകിയ അപ്പീലില്‍ തിങ്കളാഴ്ചയാണ് വാദം.സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുമോ എന്നതിലാണ് കോടതി വാദം കേൾക്കുക. അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു. സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്.
യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ കോടതി സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിരുന്നു.
വധശിക്ഷ വിധിക്കുമെന്ന് കരുതിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ വലിയ നിരാശയാണ് ആരോഗ്യ പ്രവർത്തകരടക്കം പങ്കുവെക്കുന്നത്. ഡോക്ടർമാരുടെ സംഘടനകൾ അടക്കം പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. 172 പേജുള്ള വിധിയിൽ തുടക്കം മുതൽ കൊൽക്കത്ത പൊലീസിനെതിരെ അതിരൂക്ഷ വിമർശനവും വീഴ്ചയും വിചാരണ കോടതി ജഡ്ജി ഉയർത്തിയതോടെ ബംഗാൾ സർക്കാരും പ്രതിരോധത്തിലായി.
അതേസമയം കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന സി.ബി.ഐ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്.17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം.
2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.