വാഷിങ്ടൺ: മയക്കുമരുന്നായ ഫെന്റാനിലിന്റെ കടത്ത് തടയാൻ ലക്ഷ്യമിട്ട് ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്നുമുതൽ 10 ശതമാനം തീരുവ ചുമത്തുന്നത് പരിഗണനയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ വിഷയത്തിൽ ചർച്ചക്ക് തയാറാകുന്നില്ലെങ്കിൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. കാനഡ, മെക്സികോ എന്നിവക്കെതിരെ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി ഉയർത്തിയിരുന്നു. ഇതോടെ, വ്യാപാരയുദ്ധം രൂക്ഷമാകുമെന്ന ഭീതിയിലാണ് ലോകം.
ഓരോ ആഴ്ചയും 1500ഓളം അമേരിക്കക്കാർ ഫെന്റാനിലിന്റെ അമിത ഉപയോഗത്തെത്തുടർന്ന് മരിക്കുന്നതായാണ് കണക്ക്. ചൈനയിൽനിന്ന് ലഭിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് മെക്സിക്കോയിൽ നിർമിക്കുന്ന ഫെന്റാനിൽ അമേരിക്കയിലേക്ക് കടത്തുന്നതായാണ് ആരോപണം. മാരക ഭീഷണിയെന്നാണ് യു.എസ് ഡ്രഗ് എൻഫോഴ്സ്മന്റെ് അഡ്മിനിസ്ട്രേഷൻ (ഡി.ഇ.എ) ഈ മയക്കുമരുന്നിനെ വിശേഷിപ്പിക്കുന്നത്.
മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനിൽ അയക്കുകയാണെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അതിനാൽ, ഫെബ്രുവരി ഒന്നുമുതൽ 10 ശതമാനം തീരുവ ചുമത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ 30,000 കോടി ഡോളറിന്റെ ചൈനീസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയിരുന്നു. തുടർന്ന് വന്ന ബൈഡൻ ഭരണകൂടം ഇത് നിലനിർത്തുക മാത്രമല്ല, ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ സെല്ലുകൾ, സെമികണ്ടക്ടറുകൾ, ബാറ്ററികൾ തുടങ്ങിയവക്ക് അധിക തീരുവ ചുമത്തുകയും ചെയ്തു.