ഹൈദരാബാദ്: യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രഷർകുക്കറിൽ വേവിച്ച് കായലിൽ തള്ളി ഭർത്താവ്. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഭാര്യയായ വെങ്കട്ട മാധവി(35)യെ ഭർത്താവ് ഗുരുമൂർത്തിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
ജനുവരി 16-നാണ് മാധവിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതലേ പോലീസിന് ഭർത്താവായ ഗുരുമൂർത്തിയെ സംശയമുണ്ടായിരുന്നു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മാധവിയെ കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽവെച്ചാണ് മൃതദേഹം ഇയാൾ വെട്ടിനുറുക്കിയത്. തുടർന്ന് മാംസവും എല്ലുകളും വേർപ്പെടുത്തുകയായിരുന്നു. ആദ്യം മാസം വേവിക്കുകയും പിന്നീട് കീടനാശിനി ഉപയോഗിച്ച് എല്ലുകൾ കുക്കറിലിട്ട് തിളപ്പിക്കുകയും ചെയ്തു. മൂന്നുദിവസങ്ങളിലായി പല തവണയായാണ് ശരീരഭാഗങ്ങൾ വേവിച്ചെടുത്തത്. തുടർന്ന് ഇവ കായലിൽ തള്ളുകയായിരുന്നു.