ന്യൂഡൽഹി: ഹരിനഗറിൽ വെച്ച് തന്റെ കാർ ആക്രമിക്കപ്പെട്ടതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തന്നെ ആക്രമിച്ചതിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്നും അദ്ദേഹം പറഞ്ഞു. എതിർസ്ഥാനാർത്ഥിയുടെ അനുയായികളായ അക്രമികളെ തന്റെ പൊതുയോഗത്തിൽ വ്രേശിക്കാൻ ഡൽഹി പൊലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു.
കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ബിജെപിയുടെ സ്വകാര്യ സൈന്യമായി ഡൽഹി പൊലീസിനെ അമിത് ഷാ മാറ്റിയിരിക്കുകയാണെന്നും കെജ്‌രിവാൾ എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും കെജ്‌രിവാൾ വിമർശനമുന്നയിച്ചു. ഒരു ദേശീയ പാർട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കുന്നില്ലല്ലോ എന്ന് കെജ്‌രിവാൾ ചോദിച്ചു. ഇത് കമ്മീഷനെതിരെ ചോദ്യങ്ങളുയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് അരവിന്ദ് കെജ്‌രിവാളിന്റെ കാർ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന ഭീതിയിൽ കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്നായിരുന്നു എഎപിയുടെ ആരോപണം